മങ്കൊമ്പ്: തെരഞ്ഞെടുപ്പിനു മുൻപു പൈപ്പുലൈൻ സ്ഥാപിക്കുന്നതിനായി കുഴിച്ച റോഡുകൾ മാസങ്ങൾ കഴിഞ്ഞിട്ടും മൂടാത്തത് നാട്ടുകാരെ ദുരിതത്തിലാക്കുന്നു. തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടു തിരക്കിട്ടു കുഴിച്ച റോഡുകൾ മൂടി ഗതാഗതയോഗ്യമാക്കുന്നതിൽ ബന്ധപ്പെട്ട വകുപ്പുകൾ കാട്ടുന്ന അനാസ്ഥയിൽ കടുത്ത പ്രതിഷേധത്തിലാണ് നാട്ടുകാർ.
തെരഞ്ഞെടുപ്പിനു രണ്ടു മാസം മുൻപാണ് കുട്ടനാട്ടിലാകെ പൈപ്പുലൈനുകളിട്ടത്. കുട്ടനാട് കുടിവെള്ളപദ്ധതിയുടെ ഭാഗമായി യുദ്ധകാലാടിസ്ഥാനത്തിലാണ് പ്രവൃത്തികൾ നടന്നത്. പൊതുമരാമത്ത് റോഡുകൾ, ഗ്രാമീണ റോഡുകൾ, നടപ്പാതകൾ തുടങ്ങി ഏറെക്കുറെ മുഴുവൻ പാതകളും കുഴിച്ചിരുന്നു. എന്നാൽ തെരഞ്ഞെടുപ്പു കഴിഞ്ഞതോടെ ജോലികൾ മന്ദഗതിയിലായി. ചിലയിടങ്ങളിൽ നിലയ്ക്കുകയും ചെയ്തു.
ഉൾപ്രദേശങ്ങളിലുള്ള കോൺക്രീറ്റ് റോഡുകളും മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചു കുത്തിപ്പൊളിച്ചു. ഇവയിൽ ഭൂരിഭാഗവും തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾക്കു മുൻപു മാത്രം നിർമിച്ചവയാണ്. ഏറെക്കാലത്തെ മുറവിളികൾക്കുശേഷം അനുവദിച്ചു കിട്ടിയ റോഡുകളിൽ സ്വതന്ത്രമായി യാത്രചെയ്യാൻ പോലും പറ്റാതിരുന്നതിന്റെ സങ്കടത്തിലാണ് കുട്ടനാട്ടുകാർ. രണ്ടു മീറ്റർ മാത്രം വീതി വരുന്ന കോൺക്രീറ്റ് റോഡുകളും കുത്തിപ്പൊളിച്ചവയിൽപ്പെടുന്നു.
ഇവിടെയൊക്കെ ഏറെക്കുറെ റോഡിന്റെ മധ്യഭാഗത്തായിട്ടാണ് കുഴികളെടുത്തിരിക്കുന്നത്. ഇതുമൂലം ഇത്തരം വഴികളിൽ സൈക്കിൾ, ഇരുചക്രവാഹനങ്ങൾ എന്നിവയിലുള്ള യാത്ര അപകടം വരുത്തുന്നു.
അടിത്തട്ടിലുള്ള ചെളിയും മഴവെള്ളവും കലർന്ന് പല റോഡുകളിലും കാൽനടയാത്ര പോലും അസാധ്യമായിരിക്കുകയാണ്. ചിലയിടങ്ങളിൽ കുഴികൾ രൂപപ്പെട്ട സ്ഥലങ്ങളിൽ ക്വാറി മാലിന്യം വിതറുന്ന ജോലികൾ മാത്രമാണ് ചെയ്തിട്ടുള്ളത്.
ഇതോടെ ഇത്തരം വഴികളിലൂടെയുള്ള വാഹനയാത്ര കൂടുതൽ പ്രയാസകരമായി. സ്കൂളുകൾ തുറന്നതോടെ കുരുന്നുകളടക്കമുള്ള വിദ്യാർഥികളാണ് ഏറ്റവുമധികം ദുരിതത്തിലായിരിക്കുന്നത്.
പൈപ്പുലൈൻ സ്ഥാപിക്കുന്നതിനായി റോഡുകൾ കുഴിക്കുമ്പോൾ, പൈപ്പുകളിട്ടശേഷം ഇതു പൂർവസ്ഥിതിയിലാക്കണമെന്നാണ് വ്യവസ്ഥ. എന്നാൽ ഈ വ്യവസ്ഥകൾ കാറ്റിൽപ്പറത്തിയാണ് ബന്ധപ്പെട്ടവർ പ്രവർത്തിക്കുന്നത്. അടിയന്തരമായി കുഴികളടച്ച് ടാറിംഗും കോൺക്രീറ്റ് ജോലികളും നടത്തി റോഡുകൾ ഗതാഗതയോഗ്യമാക്കണമെന്നാണ് കുട്ടനാട്ടുകാരുടെ ആവശ്യം.